Translation requests/WMF/About Wikimedia/ml
Need help? See the Translation FAQ or Meta:Babylon. All translators should also subscribe to translators-l to be kept up-to-date (and to ask questions). |
പതിവു ചോദ്യങ്ങള്‍
editഏറെ സ്വതന്ത്ര-വിജ്ഞാന പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് പ്രശസ്തമായ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ, മാതൃസ്ഥാപനമാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. അതിനെക്കുറിച്ചുള്ള സംശയനിവാരണിയാണ് താഴെ.
എന്താണ് ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യം?
editലോകമാകമാനമുള്ള ജനങ്ങളെ, സ്വതന്ത്രവും പൊതുസഞ്ചയത്തിലുള്ളതുമായ വിവരങ്ങള്‍ സമ്പാദിക്കുന്നതിനും സ്വരുക്കൂട്ടുന്നതിനും സന്നദ്ധരാക്കുകയും, പ്രസ്തുത വിവരങ്ങള്‍ ഫലപ്രദമായ രീതിയില്‍ ലോകത്തെമ്പാടും വിതരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുക എന്നതും; മറ്റുമാണ് ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍.
ഈ ഉദ്ദേശലക്ഷ്യപ്രാപ്തിക്കായി പ്രാദേശിക ശാഖകളുടെ സഹായത്താല്‍ ഫൗണ്ടേഷന്‍ ബഹുഭാഷാവിക്കി സംരംഭങ്ങളുടെയും ഉദ്ദേശലക്ഷ്യസാധ്യത്തിനുള്ള മറ്റു പദ്ധതികളുടെയും നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനുമാവശ്യമായ ആന്തരഘടനയും, സംഘടനാരൂപവും, മറ്റു സഹായങ്ങളും പ്രദാനം ചെയ്യുന്നു. ഫൗണ്ടേഷന്‍ ഉപകാരപ്രദമായ വിവരശേഖരങ്ങള്‍ നിര്‍മ്മിക്കുകയും അതിന്റെ സംരംഭങ്ങള്‍വഴി പ്രസ്തുത വിവരങ്ങള്‍ സൗജന്യമായി അനന്തകാലത്തേക്ക് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുന്നതുമായിരിക്കും.
നിയോഗ വിവരണം കൂടി കാണാവുന്നതാണ്.
നിങ്ങള്‍ ഒരു ധര്‍മ്മസ്ഥാപനമാണോ?
editഅതെ. അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തെ നിയമങ്ങള്‍ പ്രകാരം ചിട്ടപ്പെടുത്തിയ, ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ കോര്‍പ്പറേഷന് അഥവാ ധര്‍മ്മസ്ഥാപനമാണ് വിക്കിമീഡിയ. പൂര്‍ണ്ണമായും വാര്‍ഷിക കണക്കെടുപ്പിനു വിധേയമായി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനെ, ഗൈഡ്സ്റ്റാറും അതിന്റെ സഹോദരസംരംഭങ്ങളും ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ വിക്കിമീഡിയ ഫൗണ്ടേഷന് 501(സി)(3) നികുതി ഇളവ് ലഭിക്കുന്നുണ്ട്.
വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വെയില്‍സ് 2003 ജൂണ്‍ 20-ന് വിക്കിമീഡിയ ഫൗണ്ടേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമാവലികള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാണ്.
നിങ്ങള്‍ ഏതൊക്കെ സംരംഭങ്ങള്‍ നടത്തുന്നു?
editവിക്കിമീഡിയ ഫൗണ്ടേഷന്റെ നടത്തിപ്പിലുള്ള പ്രധാന സംരംഭം പ്രശസ്തമായ ഓണ്‍ലൈന്‍ വിജ്ഞാനകോശവും 2007 പകുതിയോടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പത്തു വെബ്സൈറ്റുകളിലൊന്നുമായ വിക്കിപീഡിയയാണ്. ജനുവരി 2001-ല്‍ വിക്കിപീഡിയ സമാരംഭിക്കുകയും, ജൂണ്‍ 2003-ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ സ്ഥാപിതമാവുകയും ചെയ്ത ശേഷം ഈ പ്രസ്ഥാനം അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. തുടക്കത്തില്‍ 1,35,000 താളുകള്‍ മാത്രമുണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയയില്‍ ഇന്ന് 18 ലക്ഷത്തിനുമേല്‍ ലേഖനങ്ങള്‍ ഉണ്ട്. മറ്റ് എട്ടു ഭാഷകളിലുള്ള വിക്കിപീഡിയകളിലകട്ടെ ഇത് രണ്ടരലക്ഷത്തിനുമേലെയാണ്.
എന്നിരുന്നാലും, വിക്കിപീഡിയ സംരംഭം നടത്തുന്നതിനുപരി ഫൗണ്ടേഷന്‍ നവംബര്‍ 2006-ല്‍ ഒരു ലക്ഷത്തിനുമേല്‍ മാദ്ധ്യമങ്ങളുടെ ശേഖരമായിത്തീര്‍ന്നതും ചിത്രങ്ങളുടെയും മറ്റു ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളുടെയും ഒരു കേന്ദ്രീകൃത ശേഖരവുമായ വിക്കിമീഡിയ കോമണ്‍സ് പോലെയുള്ള സംരംഭങ്ങളും നടത്തുന്നു. സ്വതന്ത്ര നിഘണ്ടു പ്രസ്ഥാനമായ വിക്കിനിഘണ്ടു പ്രസ്ഥാനത്തില്‍ 50,000-നുമേല്‍ നിര്‍വചനങ്ങളുള്ള എട്ടു നിഘണ്ടുക്കളുണ്ട്, അതില്‍ മൂന്നെണ്ണത്തില്‍ രണ്ടുലക്ഷത്തിനുമേല്‍ നിര്‍വചനങ്ങളുണ്ട്. വിക്കിഗ്രന്ഥശാലയില്‍ ഒന്നരലക്ഷത്തിനുമേല്‍ താളുകള്‍ വരുന്ന ഉള്ളടക്കം ഉണ്ട്. വിക്കി ചൊല്ലുകള്‍ (ഉദ്ധരണികള്‍), വിക്കിപാഠശാല (പാഠ്യോപകരണങ്ങള്‍), വിക്കിവാര്‍ത്തകള്‍ (പൌര പത്രപ്രവര്‍ത്തനം), വിക്കിസര്‍വ്വകലാശാല (പാഠ്യപദ്ധതി രൂപീകരണം) എന്നീ സംരംഭങ്ങളും സമാനമായ വളര്‍ച്ചയുടെ പാതയിലാണ്.
മൊത്തത്തില്‍, നമ്മുടെ സംരംഭങ്ങളിലെല്ലാമായി 78 ലക്ഷം താളുകള്‍, 22 ലക്ഷം ചിത്രങ്ങള്‍ എന്നിവയും 50 ലക്ഷം ഉപയോക്താക്കളുമുണ്ട്.
വിക്കിട്രാവല്‍, ഒമേഗവിക്കി, വിക്കിയ എന്നിവ വിക്കിമീഡിയ ഫൗണ്ടേഷന്‍ നടത്തുന്ന വിക്കികളല്ല.
കൂടുതല്‍ വിവരങ്ങള്‍ നമ്മുടെ സംരംഭങ്ങള്‍ എന്ന താളില്‍ ലഭ്യമാണ്. ഉദാ:- വിക്കിഗ്രന്ഥശാലയുടെ സ്ഥിതിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ഇതാ.
ഈ ഫൗണ്ടേഷന്റെ ദൈനംദിന കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണ്?
editസംഭാവനകളുടെ സമാഹരണത്തിനും വിനിയോഗത്തിനും മേല്‍നോട്ടം വഹിക്കുന്നത് വിക്കിമീഡിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ്. വിക്കിമീഡിയ ഫൗണ്ടേഷനിലെ പരമാധികാരസമിതി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ്. (വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമാവലികള്‍ ആര്‍ട്ടിക്കിള്‍ IV, വിഭാഗം. 1). ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ട്.
2005 അവസാനം വരെയുള്ള മീറ്റിങ്ങുകളില്‍നിന്നുള്ള കുറിപ്പുകളുടെ പൂര്‍ണ്ണരൂപം ഈ സൈറ്റില്‍ ലഭ്യമാണ്.
2006-ല്‍, മീറ്റിങ്ങ് മിനറ്റുകളും (പൊതുവേ പ്രസിദ്ധീകരിക്കാറില്ല) തീരുമാനങ്ങളുമടങ്ങുന്ന ഒരു ഇരട്ട സിസ്റ്റത്തിലേക്കു ഞങ്ങള്‍ മാറി. ഞങ്ങള്‍ കുറെ സമിതികള്‍ രൂപപ്പെടുത്തുകയും പ്രഥമ എക്സിക്യൂട്ടിവ് ഡയറക്ടറായി ബ്രാഡ് പാട്രിക്കിനെ ജൂണ്‍ 2006-ല്‍ നിയമിക്കുകയും ചെയ്തു. ബോര്‍ഡ് മെമ്പര്‍മാര്‍, സ്റ്റാഫ്, കമ്മിറ്റി അംഗങ്ങള്‍, ഡെവലപ്പര്‍മാര്‍, കമ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയം പൊതുവേ ഓണ്‍ലൈന്‍ ആയി വിക്കികള്‍, മെയിലിംഗ് ലിസ്റ്റുകള്‍, ഐ.ആര്‍.സി. ചാറ്റ് എന്നിവവഴിയാണ് സാധ്യമാകുന്നത്. എന്നാല്‍ വിക്കിമാനിയ (ഞങ്ങളുടെ വാര്‍ഷിക കോണ്‍ഫറന്‍സ്), ബോര്‍ഡ് റിട്രീറ്റ്, ബോര്‍ഡ് മീറ്റിങ്ങുകള്‍ എന്നിവയുടെ അവസരത്തില്‍ ഞങ്ങള്‍ക്ക് മുഖഭിമുഖം കണ്ട് സംവേദിക്കാനുള്ള അവസരം ഉണ്ട്.
ഞങ്ങള്‍ക്ക് ഫ്ലോറിഡയിലുള്ള (USA) ഒറ്റ ഓഫീസ് മാത്രമേയുള്ളു. അവിടെയാണ് ഞങ്ങളുടെ ധാരാളം ജീവനക്കാര്‍ പണിയെടുക്കുന്നത്. മറ്റു ബോര്‍ഡ് അംഗങ്ങളും സ്റ്റാഫും വിദൂരത്തുനിന്നും ജോലി ചെയ്യുന്നു. നിലവിലുള്ള സ്റ്റാഫ് 11 പേരുണ്ട് (2007 പകുതിയിലെ കണക്കുപ്രകാരം); ഇതില്‍ അധികം സന്നദ്ധസേവകരില്ല, പ്രധാനമായും ബോര്‍ഡ് അംഗങ്ങളും പ്രൂഫ് റീഡര്‍മാരുമാണുള്ളത്.
2006 അവസാനത്തോടെ സംഘടനാപരമായി ചില പ്രധാന മാറ്റങ്ങള്‍ സംഭവിച്ചു, മൂന്നു മാസത്തിനുള്ളില്‍ നാലു പുതിയ ബോര്‍ഡ് അംഗങ്ങള്‍, പുതിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, അഡ്വൈസറി ബോര്‍ഡിന്റെ സ്ഥാപനം, പുതുക്കിയ നിയമാവലികള്‍ എന്നിവയൊക്കെയുള്‍പ്പെടെ.
ഫൗണ്ടേഷനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെപ്പറയുന്ന താളുകളില്‍ ലഭ്യമാണ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍ ആരൊക്കെയാണ്?
edit2004 ജനുവരിയില്‍, ജിമ്മി വെയിത്സ് ടിം ഷെല്ലിനെയും മൈക്കിള്‍ ഡേവിസിനെയും വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ നിയമിച്ചതിനുശേഷം കമ്മ്യൂണിറ്റി പ്രതിനിധികള്‍ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു[1]. 2004 ജൂണില്‍ രണ്ടു ബോര്‍ഡ് മെമ്പര്‍ പ്രതിനിധികള്‍ക്കായി തെരഞ്ഞ്ഞെടുപ്പ് നടന്നു. ഒരു മാസത്തെ പ്രചാരണത്തിനും രണ്ട് ആഴ്ചത്തെ ഓണ്‍ലൈന്‍ വോട്ടിംഗിനും ശേഷം ഏഞ്ജല ബീസ്‌ലിയും ഫ്ലോറെന്‍സ് നിബാര്‍ട്ട്-ഡെവാര്‍ഡും ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈയില്‍ ഇവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2006 ജൂലൈയില്‍ ഏഞ്ജല ബീസ്‌ലി തന്റെ സ്ഥാനം രാജിവയ്ക്കുകയും പ്രസ്തുത ഒഴിവിലേക്ക് 2006 സെപ്റ്റംബറില്‍ എറിക് മുള്ളര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒക്ടോബര്‍ 2006-ല്‍ ഫ്ലോറന്‍സ് ഡെവാര്‍ഡ് പുതിയ ചെയര്‍പേഴ്സണ്‍ ആയി. ഡിസംബര്‍ 2006-ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ കാറ്റ് വാല്‍ഷ്, ഓസ്കാര്‍ വാന്‍ ദില്ലന്‍ എന്നീ രണ്ടു പുതിയ ബോര്‍ഡ് മെംബര്‍മാരെ നിയമിച്ചു. ടിം ഷെല്‍ ബോര്‍ഡില്‍നിന്നു വിരമിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായി ജാന്‍-ബാര്‍ട്ട് ദ് വ്രീഡ് മെംബറും, വൈസ് ചെയര്‍പേഴ്സണുമായി ചുമതലയേറ്റു. 2007 ജൂലൈയില്‍ കാലാവധി പൂര്‍ത്തിയായ മുള്ളര്‍, വാല്‍ഷ്, വാന്‍ ദില്ലന്‍ എന്നിവരുടെ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടന്നു. മുള്ളറും വാല്‍ഷും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍; ഫ്രെഡ ബ്രിയോസ്കി വാന്‍ ദില്ലനു പകരം ചുമതലയേറ്റു. 2007 അവസാനത്തോടുകൂടി എറിക് മുള്ളറും മൈക്കിള്‍ ഡേവിസും ബോര്‍ഡ് വിട്ടു. തുടര്‍ന്ന് 2008 ഫെബ്രുവരിയില്‍ മൈക്കിള്‍ സ്നോയും ഡോമാസ് മിത്തുസാസും തത്സ്ഥാനത്ത് നിയമിതരായി.
2008 ഫെബ്രുവരി പ്രകാരം, ബോര്‍ഡ് മെംബര്‍മാരുടെ പട്ടിക
- ഫ്രെഡ ബ്രിയോസ്കി
- ഫ്ലോറന്‍സ് ഡെവാര്‍ഡ് (ചെയര്‍പേഴ്സണ്‍)
- ഡൊമാസ് മിത്തുസാസ്
- മൈക്കിള്‍ സ്നോ
- ജാന്‍-ബാര്‍ട്ട് ദ് വ്രീഡ് (വൈസ്-ചെയര്‍പേഴ്സണ്‍)
- ജിമ്മി വെയിത്സ്
- കാറ്റ് വാല്‍ഷ്
നിലവിലുള്ള ബോര്‍ഡ് മെംബര്‍മാരുടെ കാലാവധിയും ജീവചരിത്രവും ബോര്‍ഡ് താളില്‍ ലഭ്യമാണ്.
വിക്കിമീഡിയ ഫൗണ്ടേഷന്‍ അതിന്റെ ഉദ്ദേശലക്ഷ്യം എങ്ങനെ സാക്ഷാത്കരിക്കുന്നു?
editവിക്കിമീഡിയ സെര്‍വറുകള്‍, ഡൊമെയിന്‍ നെയിമുകള്‍, വിക്കിമീഡിയ സംരംഭങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍, മീഡിയവിക്കി സോഫ്റ്റ്വെയര്‍ എന്നിവ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമാണ്. സംരംഭങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ട എല്ലാ ചിലവുകളും ഫൗണ്ടേഷന്‍ വഹിക്കുന്നു. ഈ സംരംഭത്തിലേക്കുള്ള വിജ്ഞാന സംഭാവനകള്‍ GNU സ്വതന്ത്ര ഡോക്കുമെന്റേഷന്‍ പകര്‍പ്പവകാശനിയമത്തിന് വിധേയമായി മാത്രം സ്വീകരിക്കുന്നതിനാല്‍ അനന്തകാലത്തേക്ക് ഏവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കുമെന്നു ഉറപ്പുവരുത്താന്‍ ഫൗണ്ടേഷനു കഴിയുന്നു. പ്രസ്തുത സ്വതന്ത്ര ഉള്ളടക്ക പ്രമാണത്താല്‍ നമ്മുടെ പ്രയത്നം മനുഷ്യരാശിക്ക് ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ സഹായകരമാവുന്നു.
ക്രിയാത്മകമായ രീതിയില്‍ സംരംഭങ്ങളുടെ വികസനം സാധ്യമാക്കുന്നതിലും വ്യക്തികളും മറ്റു സമൂഹങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിലും ഫൗണ്ടേഷന്‍ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു. നമ്മുടെ സംരംഭങ്ങള്‍ക്ക് അത്യന്താപേക്ഷിതമായതും അനന്യസാധാരണമായതുമായ സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ചെറിയ, എന്നാല്‍ കാര്യക്ഷമമായ, ഡെവലപ്പര്‍മാരുടെ ഒരു സംഘം സ്വന്തമായുണ്ട്. 2007-ല്‍ ഇവരുടെ ഏറ്റവും മുന്തിയ പരിഗണന ഗുണമേന്മാപാലനത്തിനാവും. വിക്കിപീഡിയ ലേഖനങ്ങളുടെ വിശ്വസനീയത ഉറപ്പുവരുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുക എന്നത് അവയിലൊന്നാണ്.
ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനമേഖലകളിലും വിജയം നേടാന്‍ ലോകത്താകമാനമുള്ള വിവിധ കമ്പനികളും സംഘടനകളുമായി സഹകരണത്തിലേര്‍പ്പെടുക അത്യന്താപേക്ഷിതമാണ്. നമ്മുടെ ധനകാര്യ ആസൂത്രണ വിഭാഗം അത്തരം തന്ത്രപരമായ പങ്കാളിത്തം സാധ്യമാക്കാനും മാത്രം വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളുന്നുണ്ട്, ഇവര്‍ വിവിധ രാജ്യങ്ങളില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രാദേശിക ശാഖകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ഫൗണ്ടേഷന്റെ പണം എന്തിനൊക്കെയാണ് ചെലവിടുന്നത്?
editഫൗണ്ടേഷന്റെ പണത്തില്‍ ഏറിയ പങ്കും നമ്മുടെ സംരംഭങ്ങളുടെ ദൈനംദിനചിലവുകള്‍ക്കായി ആണ് ചിലവഴിക്കപ്പെടുന്നത്. ഈ ചിലവില്‍ മുന്നില്‍നില്‍ക്കുന്നത് ഹാര്‍ഡ്‌വെയറിനും നമ്മുടെ വെബ്സൈറ്റുകള്‍ നിലനിര്‍ത്തിപ്പോകാന്‍വേണ്ട ബാന്‍ഡ്‌വിഡ്തിനുമുള്ള ചിലവുകളാണ്.
ഫൗണ്ടേഷന്റെ ഏറ്റവും വലിയ ചെലവ് ഹാര്‍ഡ്‌വെയര്‍ തന്നെ, പിന്നെ ഹോസ്റ്റിങ്, ബാന്‍ഡ്‌വിഡ്ത് ചെലവുകള്‍ അങ്ങനെ. ആവശ്യം വര്‍ധിച്ചതനുസരിച്ച് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ശേഖരം വിപുലീകരിക്കാന്‍ ഫൗണ്ടേഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പതിവായി പുതുക്കുന്ന ഹാര്‍ഡ്‌വെയറുകളുടെ പട്ടിക ഇതാണ്: വിക്കിമീഡിയ ഹാര്‍ഡ്‌വെയര്‍ നില.
ഈ വര്‍ധനയ്ക്ക് പ്രധാന കാരണം ട്രാഫിക്കിലുള്ള വര്‍ധനയാണ്. 2006-ന്റെ അവസാനത്തില്‍ ഏറ്റവുമധികം അനന്യഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന ആറാമത്തെ സൈറ്റായി വിക്കിമീഡിയ സൈറ്റുകളെ കോംസ്കോര്‍ തെരഞ്ഞെടുത്തു (*). നമ്മുടെ പ്രധാനപ്പെട്ട സംരംഭമായ വിക്കിപീഡിയ, മിനിട്ടില്‍ 2,85,000 പ്രാവശ്യം സന്ദര്‍ശിക്കപ്പെടുന്നു. സാമ്പത്തികമായും ദൈനംദിനകാര്യനിര്‍വഹണപരമായും ഈ സംരംഭങ്ങളെ മുന്നോട്ടുകൊണ്ടുപോകേണ്ട നടപടികള്‍ നിര്‍വഹിക്കാന്‍ WMF പ്രതിജ്ഞാബദ്ധമാണ്. ഇപ്പറഞ്ഞ ചെലവുകള്‍ തന്നെ 2007-ല്‍ 25 ലക്ഷം ഡോളറിനുമേല്‍ വരും.
(*) മൊബൈല്‍ ഫോണുകള്‍, PDAകള്‍, ഇന്റര്‍നെറ്റ് കഫെകള്‍ പോലെയുള്ള പൊതുകമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്നുള്ള ഉപയോക്താക്കളെ കൂട്ടാതെ.
ഡൊമെയില്‍ രെജിസ്ട്രേഷനും ട്രേഡ്‌മാര്‍ക്കുകളുമാണ് വിക്കിമീഡിയയുടെ ചെലവുകളിലെ മറ്റൊരു പ്രധാന ഇനം. ഫൗണ്ടേഷന്‍ അതിന്റെ സജീവവും അതുപോലെ ഫൗണ്ടേഷനുമായി സെക്കന്‍ഡറി/ഋജുവായ ബന്ധം പുലര്‍ത്തുന്നതുമായ പല സൈറ്റുകളുടെയും ഡൊമെയിന്‍ നാമങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്, എന്നാല്‍ മറ്റു ചിലവ സ്വതന്ത്രമോ മറ്റാരുടെയെങ്കിലും സ്വന്തമോ ആണ്.
ഓഫീസ് ജീവനക്കാരുടെ വര്‍ധനമൂലം ഭരണസംബന്ധമായ ചിലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. മൊത്തത്തില്‍, WMF അതിന്റെ വരുമാനത്തിന് പ്രധാനമായും ഓണ്‍ലൈന്‍ സംഭാവനകളെ ആശയിക്കുന്നതിനാല്‍ ധനസമാഹരണത്തിനുള്ള ചെലവുകള്‍ക്കായി വിനിയോഗിക്കാന്‍ വളരെക്കുറച്ചു തുകമാത്രമേ വകയിരുത്താറുള്ളൂ. “ഡയറക്ട് മെയില്‍” കാമ്പെയിനുകള്‍ WMF നടത്താറില്ല. WMF ഓണ്‍ലൈന്‍സാന്നിദ്ധ്യം വച്ചുനോക്കുമ്പോള്‍ ഓണ്‍ലൈനായി ഇവിടെത്തന്നെ ധനാഭ്യര്‍ത്ഥനകള്‍ നല്‍കുന്നതാവും ഉചിതം. ഇന്നുവരെ ഈ മാര്‍ഗ്ഗം ഫലപ്രദമായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ചിലവുകള്‍ കുറവാണ്, സഹായിക്കുന്ന വ്യക്തികള്‍ കൂടുതലും സന്നദ്ധസേവകരാണെന്നതുതന്നെയാണിതിനു കാരണം.
ഇതും കാണുക: 2007-2008ലേക്കുള്ള ധനവിനിയോഗരൂപരേഖ
ഫൗണ്ടേഷനാവശ്യമായ പണം എങ്ങനെ ലഭിക്കുന്നു?
editജൂലൈ 2007ലെ കണക്കുപ്രകാരം വിക്കിമീഡിയ ദൈനംദിനകാര്യങ്ങള്‍ പ്രധാനമായും സ്വകാര്യസംഭാവനകള്‍ വഴിയും അതുപോലെ ഗ്രാന്റ്റുകളും ഗിഫ്റ്റായി ലഭിക്കുന്നതുമായ സെര്‍വറുകളും ഹോസ്റ്റിംഗുകളും വഴിയായി നടന്നുപോകുന്നു. (അഭ്യുദയകാംക്ഷികള്‍ എന്ന താള്‍ കാണുക).
WMFന് ലോകത്തെ ഏതാണ് 50 രാജ്യങ്ങളില്‍നിന്നായി സംഭാവനകള്‍ ലഭിക്കുന്നുണ്ട്. WMFന് ലഭിക്കുന്ന സംഭാവനകളില്‍ ഏറിയ പങ്കും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍നിന്നാണ് (അമേരിക്കന്‍ ഐക്യനാടുകള്‍, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ). പകുതിയിലേറെ സംഭാവനകള്‍ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്തവരാണ് നല്‍കുന്നത്. ഓരോ വ്യക്തിയും നല്‍കുന്ന സംഭാവന വളരെ ചെറുതാണെങ്കിലും സംഭാവന നല്‍കുന്ന വ്യക്തികളുടെ ബാഹുല്യം ഞങ്ങളുടെ വിജയം സുനിശ്ചിതമാക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്‍ ഗ്രാന്റുകള്‍ സ്പോണ്‍സര്‍ഷിപ്പ് മുതലായ മറ്റു മാര്‍ഗ്ഗങ്ങളില്‍ക്കൂടെയുള്ള ധനസമാഹരണത്തിനും ലക്ഷ്യമിടുന്നു. അതിലൊരു മാര്‍ഗ്ഗം വിക്കിറീഡറുകളുടെ വില്‍പ്പനയാണ് (വിക്കിപീഡിയയിലെ ലേഖനങ്ങളുടെ PDF അല്ലെങ്കില്‍ പാഠപുസ്തക രൂപം). വിക്കിപീഡിയയുടെ ഒരു ഭാഗം തന്നെ പ്രിന്റു ചെയ്ത് “വിക്കിപീഡിയ 1.0” എന്ന നിലയില്‍ ഒരു പതിപ്പിറക്കിക്കൂടെ എന്നൊരു ചര്‍ച്ചയും നടക്കുന്നുണ്ട്.
ഞങ്ങള്‍ നിലവില്‍ പരസ്യം ഒരു വരുമാനമാര്‍ഗ്ഗമായി ഉപയോഗിക്കുന്നില്ല.
അമേരിക്കന്‍ ഐക്യനാടുകളില്‍ വിക്കിമീഡിയ ഫൗണ്ടേഷന് 501(c)(3) നികുതി ഇളവ് പദവി ഉണ്ട്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള സംഭാവനകള്‍ക്കും നികുതി ഇളവുകള്‍ ലഭിച്ചേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഭാവനകള്‍ക്കുള്ള നികുതിയിളവുകള്‍ എന്ന താള്‍ ശ്രദ്ധിക്കാവുന്നതാണ്. പേപാല്‍, മണിബുക്കേഴ്സ്, തപാല്‍, നേരിട്ടുള്ള നിക്ഷേപം എന്നിവയില്‍ ഏതെങ്കിലുംവഴി സംഭാവനകള്‍ നല്‍കാന്‍ ദയവായി ഞങ്ങളുടെ ധനസമാഹരണം താള്‍ സന്ദര്‍ശിക്കുക. മറ്റെല്ലാത്തരം സംഭാവനകള്‍ക്കും സൂ ഗാര്‍ഡനറെ sgardner at wikimedia.org
എന്ന വിലാസത്തില്‍ സമീപിക്കുക.
നിങ്ങള്‍ക്ക് ഓഡിറ്റുചെയ്ത സാമ്പത്തികവാര്‍ഷികറിപ്പോര്‍ട്ടുകള്‍ ഉണ്ടോ?
editഞങ്ങളുടെ ധനവിനിയോഗ സ്റ്റേറ്റ്മെന്റുകള്‍ 2004, 2005, 2006 വര്‍ഷത്തേക്ക് ഗ്രിഗറി ഷേയറര്‍ & സ്റ്റുവര്‍ട്ട് അവര്‍കള്‍ [2] വഴി ഓഡിറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഓഡിറ്റ് പരക്കെ സ്വീകാര്യമായ ഓഡിറ്റിങ്ങ് രീതികള്‍ക്ക് അനുസൃതവുമാണ്.
ധനകാര്യസ്റ്റേറ്റ്മെന്റുകളിലേക്കുള്ള കണ്ണികള്‍: 2006-2007 വാര്‍ഷിക ധനകാര്യറിപ്പോര്‍ട്ട്. ഏറ്റവും പുതിയ ധനകാര്യ വിവരങ്ങള്‍ ധനകാര്യ റിപ്പോര്‍ട്ട് എന്ന താളില്‍ ലഭിക്കും.
വിക്കിയ എന്താണ്? ഇത് വിക്കിപീഡിയയുടെ ഭാഗമാണോ? ഇത് വിക്കിമീഡിയ ഫൗണ്ടേഷന്റെ സംരംഭങ്ങളൊന്നില്‍പ്പെടുമോ?
editവിക്കിമീഡിയ ഫൗണ്ടേഷന്‍ സ്വതന്ത്ര ഉള്ളടക്കത്തിന്റെ നിര്‍മാണത്തിനും വ്യാപനത്തിനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു രജിസ്റ്റേര്‍ഡ് സ്ഥാപനമാണ്. 2004ല്‍ വിക്കിമീഡിയ പ്രസ്ഥാനങ്ങളുടെ സമാന ശൈലിയില്‍ ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി യോജിക്കാത്ത തരം ഉള്ളടക്കമുള്‍ക്കൊള്ളുന്ന വിക്കികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു സ്ഥാപനം ജിമ്മി വെയിത്സും ഏഞ്ജലാ ബീസ്‌ലിയും ചേര്‍ന്ന് വിക്കിയ എന്ന പേരില്‍ സ്ഥാപിച്ചു. വിക്കിയയുടെ ആദ്യകാല അംഗങ്ങളില്‍ അക്കാലത്ത് വിക്കിമീഡിയ ഫൗണ്ടേഷന്‍ ബോര്‍ഡ് മെംബര്‍മായിരുന്ന ജിമ്മി വെയിത്സ്, ഏഞ്ജല ബീസ്ലി, മൈക്കിള്‍ ഡേവിസ് എന്നിവര്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വിക്കിയ തീര്‍ത്തും വ്യത്യസ്തമായൊരു കമ്പനിയാണ്.
ഒരു വിധത്തില്‍ നോക്കിയാല്‍ വിക്കിയ സൈറ്റുകള്‍ വിക്കിപീഡിയയ്ക്കു സമാനമാണ്: രണ്ടും ഏവര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര ഉള്ളടക്കത്തില്‍ അധിഷ്ഠിതമാണ്. മറ്റു വിധത്തില്‍ അവ വ്യത്യസ്തവുമാണ്: വിക്കിയയില്‍ പൊതുവേ കൂടുതല്‍ സ്പെഷ്യലൈസ് ചെയ്ത ഉള്ളടക്കം ആണ് - ഫാന്‍ ഗൈഡുകള്‍, യാത്രാസഹായത്തിനുതകുന്ന വിവരങ്ങള്‍, ഹൌ-റ്റു വിക്കികള്‍, വിക്കിപീഡിയയുടെ പാരഡിയായ അണ്‍സൈക്ലോപീഡിയ എന്നിവയുള്‍പ്പെടെ. സംഭാവനകളാല്‍ നിലനില്‍ക്കുന്ന വിക്കിപീഡിയയില്‍നിന്നു വിഭിന്നമായി നിക്ഷേപരുടെ മുതല്‍മുടക്കിലൂടെയും പരസ്യത്തിലൂടെയുമാണ് വിക്കിയ പണം സ്വരൂപിക്കുന്നത്.
വിക്കിമീഡിയയും വിക്കിയയും തമ്മില്‍ ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്നു, ഒരു പ്രസ്ഥാനത്തില്‍നിന്നുള്ള വ്യക്തികള്‍ മറ്റേ ഇടത്ത് പലപ്പോഴും സംഭാവന നല്‍കുകയും ചെയ്യുന്നു. എന്നാല്‍ വ്യത്യസ്ത ബിസിനസ് മോഡലുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത കമ്പനികളാണ് ഇവ രണ്ടും.
വിക്കിയും വിക്കിമീഡിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് വിക്കിയ വിക്കിപീഡിയയുടെയോ വിക്കിമീഡിയ ഫൗണ്ടേഷന്റെയോ വാണിജ്യസംരംഭമല്ല എന്ന താള്‍ ശ്രദ്ധിക്കുക.
എനിക്കു ഫൗണ്ടേഷനുമായി ബന്ധപ്പെടാന്‍ എങ്ങനെ സാധിക്കും ?
editവിശദവിവരങ്ങള്‍ക്ക് "ഞങ്ങളുമായി ബന്ധപ്പെടുക" എന്ന താള്‍ കാണുക.